പണ്ട് വെള്ളരിക്കാപട്ടണത്തിലാണത്രെ ആടിനെ പട്ടിയാക്കി എറിഞ്ഞുകൊന്നത്. ഇന്ന് ലോകം മുഴുവന്‍ വെള്ളരിക്കാ പട്ടണമായിരിക്കുന്നു.നിരപരാധികളെ ഭീകരരെന്ന് വിളിച്ച് വെടിവെച്ച് കൊല്ലുന്നു. യഥാര്‍ത്ഥ തീവ്രവാദികള്‍ജനങ്ങളുടെ മുന്നില്‍ വീരന്മാരായി വിലസുന്നു.
ഇസ്ലാം എന്ന നാമം കേള്‍ക്കുമ്പോള്‍തന്നെ ചിലര്‍ ഞെട്ടിവിറക്കുന്നു. ഇസ്ലാമോഫോബിയ എന്നമാരകരോഗം ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചിരിക്കുന്നു. ഈരോഗത്തിന്റെ വൈറസുകളെ ഗൂഢലക്ഷ്യത്തോടെ പാശ്ചാത്യ പൗരസ്ത്യ ഭേതമില്ലാതെ മാധ്യമങ്ങള്‍ പരത്തിക്കൊണ്ടിരിക്കുന്നു. ഇസ്ലാം! അത് ലോകസമാധാനത്തിന് ഭീഷണിയാണെന്ന് അവര്‍ നിരന്തരം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. കൃസ്തുമതത്തെക്കുറിച്ച് പറയുമ്പോള്‍ ശാന്തിയുടെയും സമാധാനത്തിന്റെയും ചിഹ്നങ്ങള്‍ കാണിക്കുവാനും ഇസ്ലാമിനെ ക്കുറിച്ച് പറയുമ്പോള്‍ ഭീകരതയെയും സ്ഫോടനങ്ങളെയും കാണിക്കുവാനും അവര്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു.
ഫലസ്തീനിലും അഫ്ഘാനിലും ഇറാഖിലുമെല്ലാം പിഞ്ചുകുഞ്ഞുങ്ങളടക്കം ആയിരക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെടുന്നത് ലോകസമാധാനത്തിന് വേണ്ടിയാണെന്നും,തങ്ങളെ കൊല്ലാന്‍ വരുന്ന അക്രമികള്‍ക്ക് നേരെ ഏതെങ്കിലും നിസ്സഹായന്‍ കല്ലെറിഞ്ഞാല്‍ ആനരാധമന്മാര്‍ക്കെതിരെ ആരെങ്കിലും സ്വയം ബോംബണിഞ്ഞ് പൊട്ടിത്തെറിച്ച് ജീവത്യാഗം ചെയ്താല്‍ അത് ലോകസമാധാനത്തിന് ഭീഷണിയാണെന്നും അവരുള്‍ക്കൊള്ളുന്ന സമുദായം മൊത്തം ഭീകരവാദികളാണെന്നും മാധ്യമങ്ങള്‍ തരംകിട്ടുമ്പോഴെല്ലാം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതാണോ യാഥാര്‍ത്ഥ്യം? ഫലസ്തീന്‍ ജനതയെയും ഇസ്ലാമിനേയും നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഇസ്രായേലിന് ആയുധവും സഹായവും നല്‍കി അവരെപ്രോല്‍സാഹിപ്പിക്കുകയും അവരുടെ പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് മുമ്പ് മുസ്ലിംകള്‍ക്ക് ആര്‍ക്കെങ്കിലും അമേരിക്കയോട് വിരോധമുണ്ടായിരുന്നോ?ലോകത്തെ പ്രബലമായ ഒരു ശക്തി ഒരു ഭീകരരാഷ്ട്രത്തിന്റെ ആജ്ഞാനുവര്‍ത്തിയായപ്പോള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ മുസ്ലിംകള്‍ ആക്രമിക്കപ്പെട്ടു. അവരുടെ പ്രചരണങ്ങളില്‍ വീണവരെല്ലാം ഇസ്ലാമിനെ ഭയപ്പെട്ടു.തങ്ങളുടെ അധികാരങ്ങള്‍ക്ക് നേരെ വരുന്ന വന്‍ വെല്ലുവിളിയായി പലരും ഇസ്ലാമിനെ തെറ്റിധരിച്ചു. തന്മൂലം മുസ്ലിംകള്‍ക്ക് നേരെ യുള്ള ആക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അക്രമിക്കുന്നവര്‍ വിവിധരും അക്രമിക്കപ്പെടുന്നവര്‍ ഒരു സമുദായക്കാരുമായിമാറി. സ്വാഭാവികമായും ലോകത്തിന്റെ വിവിധഭാഗങ്ങളിള്‍നിന്ന് പീഡിതര്‍ അവരുടെ കഴിവിന്റെ പരിധിയില്‍നിന്നുകൊണ്ട് പ്രതികരിച്ചപ്പോള്‍ പീഡിതന്റെ ശബ്ദമാകേണ്ട മാധ്യമങ്ങള്‍ അക്രമികള്‍ക്ക് ഓശാന പാടുന്ന വരായി മാറി. അക്രമത്തിനുനേരെ കണ്ണടച്ച അവര്‍ പീഡിതന്റെ രോദനത്തെ ഭീകരതയായി ചിത്രീകരിച്ചു.
സുഹൃത്തെ,ആരാണ് ഇവര്‍പറയുന്ന ഭീകരര്‍? താങ്കളുടെ സഹോദരങ്ങള്‍കൊലചെയ്യപ്പെട്ടാല്‍, സഹോദരിമാര്‍ മാനഭംഗപ്പെടുത്തപ്പെട്ടാല്‍ താങ്കളും ആയുധമണിയില്ലെ? അവിടെ നിങ്ങള്‍ക്ക് ഏതെങ്കിലും പ്രത്യായശാസ്ത്രത്തിന്റെ പ്രേരണ വേണ്ടിവരുമോ? പ്രതികാരാഗ്നി ചിലരുടെ സമനിലതെറ്റിക്കുകയും അവര്‍ നിരപരാധികളെകൊന്നൊടുക്കുകയും ചെയ്യുന്നുണ്ടാകാം.പക്ഷെ അവരുടെ ചെയ്തികളിലെല്ലാം ഒരുപങ്ക് അവരുടെമനസ്സില്‍ പകയുടെവിത്ത് വിതച്ചവര്‍ക്കുമില്ലേ? (നിരപരാധികളെ കൊന്നൊടുക്കുന്നവര്‍ ഇസ്ലാമില്‍ അവരാരായാലും കുറ്റവാളികള്‍തന്നെയാണ്' ഒരുവിഭാഗത്തോട് നിങ്ങള്‍ക്കുള്ളവിരോധം അവരോട് അനീതികാണിക്കാന്‍ നിങ്ങള്‍ക്ക് പ്രേരണയാകരുത്'എന്നഖുര്‍ആന്റെ കല്‍പ്പനയെ ധിക്കരിച്ചവരാണവര്‍. അവരുടെ ചെയ്തികള്‍ക്ക് മതത്തില്‍ ന്യായീകരണമില്ല. ദൈവത്തിന്റെ വിധിവിലക്കുകളേക്കാള്‍ തങ്ങളുടെ പകക്ക് വിലകല്‍പ്പിച്ച വരാണവര്‍.) ഇങ്ങനെ മുസ്ലിംകളെ പ്രകോപിപ്പിക്കുകയും അവരില്‍ ചിലര്‍ പ്രതികരിക്കുമ്പോള്‍ അവരെ ഒന്നടങ്കം ഭീകരരായി ചിത്രീകരിക്കുകയും ചെയ്യുന്നതിന് പിന്നില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷമുള്ള ഏകപ്രതിരോധമായ ഇസ്ലാമിനെ തകര്‍ക്കുക എന്ന അധിനിവേശകരുടെ സ്വാര്‍ത്ഥ ലക്ഷ്യം മാത്രമല്ല. മനുഷ്യ മനസ്സുകളെ ഇസ്ലാമില്‍ നിന്നകറ്റുക എന്നപിശാചിന്റെ അജണ്ട പൈശാചികമായ ചിലമനസ്സുകളില്‍ ചെലുത്തുന്നപ്രേരണകൂടിയാണ്.
പിശാചിന് അവന്‍ശപിക്കപ്പെടാന്‍ കാരണക്കാരായ മനുഷ്യ കുലത്തെമുഴുവന്‍ ദൈവത്തിന്റെ കോപത്തിന് വിധേയരാക്കി നരകാവകാശികളാക്കുക എന്നപ്രഖ്യാപിതലക്ഷ്യം മാത്രമേയുള്ളൂ. അതിന് അവന്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക് വേണ്ട സാങ്കേതികവിദ്യകളടക്കം എല്ലാസഹായങ്ങളും നല്‍കുന്നു. മുസ്ലിംകളില്‍തന്നെ ഇസ്ലാമികബോധം നഷ്ടപ്പെടാന്‍തക്ക സാഹചര്യങ്ങളുണ്ടാക്കാന്‍ സദാപരിശ്രമിച്ചുകോണ്ടിരിക്കുന്നു.പക്ഷെ എന്തൊക്കെയായാലും അന്ത്യനാള്‍വരെ സര്‍വ്വശക്തനായ അള്ളാഹുവിനെമാത്രം ഭയക്കുന്ന അവനെമാത്രം ആരാധിക്കുന്ന ഒരു വിഭാഗം ഭൂമിയില്‍ നിലനില്‍ക്കുകതന്നെചെയ്യും.
എന്താണ് ഇസ്ലാം?
സര്‍വ്വശക്തനായ അല്ലാഹുവെ പൂര്‍ണ്ണമായി വിശ്വസിച്ച് അവന്റെ നിയമങ്ങള്‍ പാലിച്ച് ഭൂമിയില്‍ ജീവിക്കുവാനുള്ള സമ്പൂര്‍ണമായ ജീവിതപദ്ധതിയാണ് ഇസ്ലാം.
ഇസ്ലാമിന്റെ സന്ദേശം.
സര്‍വ്വജ്ഞനും സര്‍വ്വപ്രതാപിയും ലോകരക്ഷിതാവുമാണ് അല്ല്ലാഹു. അവന്റെ ദാസ്യവേലക്കായി ബഹുകോടിമാലാഖമാരെ അവന്‍സൃഷ്ടിച്ചു. (അവന് സഹായികളായല്ല. ഒരുസഹായിയുടെയും ആവശ്യം അവനില്ല.അവന്‍ എല്ലാ അര്‍ത്ഥത്തിലും സ്വയം പര്യാപ്തനാണ്.അവന്‍ എന്തൊന്ന് ഉദ്ദേശിക്കുന്നുവോ അത് ഉണ്ടാകൂ എന്ന് കല്‍പ്പിക്കേണ്ടതാമസം അത് ഉണ്ടാകുന്നതാണ് ) മാലാഖമാര്‍ അവനെ ആരാധിച്ചുവന്നു. ഒരിക്കല്‍ 'മനുഷ്യര്‍'എന്ന ഒരു വര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നതി നെ ക്കുറിച്ച് അല്ലാഹു മാലാഖമാരോട് അഭിപ്രായമാരാഞ്ഞു. മനുഷ്യരുടെ പ്രത്യേകതകളെക്കുറിച്ച് അല്ലാഹുവില്‍നിന്നും അറിവ് ലഭിച്ചപ്പോള്‍ മാലാഖമാര്‍ പറഞ്ഞു 'നിനക്ക് നന്ദികേട് കാണിക്കാന്‍ തയ്യാറാകുന്ന കുഴപ്പമുണ്ടാക്കുന്ന ഒരുവിഭാഗത്തെ നീ എന്തിന് സൃഷ്ടിക്കുന്നു?' പക്ഷെ അല്ലാഹു പറഞ്ഞു 'നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത പലതും ഞാന്‍ അറിയുന്നവനാണ്'' അങ്ങനെ അവന്റെ ഇംഗിതം നടന്നു. മണ്ണില്‍ നിന്നും ആദ്യപിതാവ് ആദമിനെ അവന്‍ സൃഷ്ടിച്ചു. എന്നിട്ട് അവന് വന്‍ ജ്ഞാനം നല്‍കി അനുഗ്രഹിച്ചു. ജ്ഞാനിയായ ആദമിന് മുന്നില്‍ സാഷ്ടാംഗം നമിക്കാന്‍ അല്ലാഹു മാലാഖമാരോട് കല്‍പ്പിച്ചു. മാലാഖമാര്‍ക്കിടയില്‍ ഉണ്ടായിരുന്ന ഭൂതവര്‍ഗ്ഗത്തില്‍പെട്ട 'ഇബ്‌ലീസ്' ഒഴികെ എല്ലാവരും അത് അനുസരിച്ചു. 'മണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ആദമിനെ അഗ്നിയില്‍ പിറന്ന ഞാന്‍ നമിക്കുകയോ? എനിക്കതിന് സാധ്യമല്ല' എന്ന് അഹങ്കാരിയായ ഇബ്‌ലീസ് കയര്‍ത്തു. സര്‍വ്വശക്തന്റെ കല്‍പ്പന ധിക്കരിച്ച അവന്‍ അങ്ങനെ ശപിക്കപ്പെട്ടപിശാചായിമാറി. പക്ഷെ അത്‌വരെ അല്ലാഹുവിനെ ആരാധിച്ചിരുന്നപിശാച് അതിന് പ്രതിഫലം ആവശ്യപ്പെട്ടു. നീതിമാനായ അല്ലാഹു അവനത് നല്‍കുകയും ചെയ്തു. അത് മറ്റൊന്നുമായിരുന്നില്ല തന്റെ ഈ അവസ്ഥക്ക് കാരണക്കാരായ മനുഷ്യകുലത്തിന്റെ നാശത്തിനായി പ്രവര്‍ത്തിക്കാന്‍ ലോകാവസാ നം വരേയുള്ള ആയുസ്സ്, മനുഷ്യന്റെ മനസ്സിലും ശരീരത്തിലുമെല്ലാം സ്വാധീനം ചെലുത്താനുള്ള കഴിവ് ഇതൊക്കെയാണവന്‍ ചോദിച്ചുവാങ്ങിയത്.ആകഴിവുകളെല്ലാം അല്ലാഹു അവന്‌നല്‍കുമ്പോള്‍ അല്ലാഹു അവനോട് പറഞ്ഞു 'പക്ഷെ ഇത്‌കൊണ്ടൊന്നും എന്റെ വിശ്വാസികളായ അടിമകളെ നിനക്ക് വഴിപിഴപ്പിക്കാനാവില്ല'
അങ്ങനെ ആദമിനെ സ്വര്‍ഗ്ഗത്തില്‍ വസിപ്പിക്കപ്പെട്ടു.അവന് ജീവിതപങ്കാളിത്തത്തിനും വംശ വര്‍ദ്ധനനടത്തുന്നതിനുമായി 'ഹവ്വ'എന്ന ഭാര്യ യെയും അല്ലാഹുനല്‍കി. അല്ലാഹു അവരോട് പറഞ്ഞു 'സ്വര്‍ഗ്ഗീയ സുഖങ്ങളും ഭക്ഷണങ്ങളുമെല്ലാം നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക പക്ഷെ ഒരു മരം കാണിച്ചിട്ട് പറഞ്ഞു. ആമരത്തിലേക്ക് നിങ്ങള്‍ അടുക്കരുത്, അങ്ങനെ ചെയ്താല്‍ നിങ്ങള്‍ അക്രമികളില്‍പെട്ടുപോകും'. അങ്ങനെ സ്വര്‍ഗ്ഗീയ സുഖങ്ങളനുഭവിച്ചുകഴിയുന്ന ആദം ഹവ്വമാരുടെ ഇടയിലേക്ക് ഒരിക്കല്‍ പിശാച് കടന്നുവന്നു. അവരോട് ആവിലക്കപ്പെട്ട മരത്തിലെ കനി അമൂല്യമാണെന്നും അനശ്വരതയുടെ പഴമാണെന്നുമെല്ലാം പറഞ്ഞുതെറ്റിദ്ധരിപ്പിച്ചു.അനന്തരം അവര്‍ ആപഴം പറിച്ചു. അല്ലാഹു വിലക്കിയ കാര്യം ചെയ്കയാല്‍ അവര്‍ ദൈവകോപത്തിന് വിധേയരായി. അവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും തിരസ്കൃതരായി.
പശ്ചാത്താപവിവശനായ ആദമിന്റെ പശ്ചാത്താപം അവസാനം അല്ലാഹു സ്വീകരിച്ചു. അങ്ങനെ ആദമും ഹവ്വയും ഭൂമിയില്‍ പോയി ജീവിക്കണമെന്നും,അവരുടെ സന്താനപരമ്പര അവിടെ വ്യാപിച്ച്, അവരില്‍നിന്നും അവന്റെ വിധിവിലക്കുകള്‍പാലിച്ച് ജീവിക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വീണ്ടും സ്വര്‍ഗത്തിലേക്ക് തിരിച്ചുവരാമെന്നും അല്ലാത്തവരെ നരകത്തിലിട്ട് ശിക്ഷിക്കുമെന്നും അല്ലാഹു വിധിച്ചു. അങ്ങനെ അവര്‍ഭൂമിയിലെത്തി. മനുഷ്യകുലം വളര്‍ന്നുവികസിച്ചുഭൂമിമുഴുക്കെവ്യാപിച്ചു.അവര്‍ പലഗോത്രങ്ങളും വര്‍ഗങ്ങളുമാ യിമാറി. അവര്‍ക്ക് സന്മാര്‍ഗ്ഗംനഷ്ടപ്പെട്ടപ്പോഴെല്ലാം അവരില്‍നിന്നുതന്നെ അവരെസമുദ്ധരിക്കാന്‍ ദൂതന്മാരെ അല്ലാഹു വിട്ടു. പിശാചിന്റെ ചതിയില്‍പെട്ട് മനുഷ്യരില്‍ പലരും അവരെ അവിശ്വസി ച്ചു. ചിലര്‍മാത്രം അവരില്‍ വിശ്വസിച്ചു. പലപ്രവാചകന്മാരും ക്രൂരമായി മര്‍ദ്ധിക്കപ്പെട്ടു. ചിലര്‍ കൊലചെയ്യപ്പെടുകവരെ ഉണ്ടായി. ചിലപ്രവാചകന്മാരുടെ കാലശേഷം അവരുടെ സന്ദേശങ്ങളെ മാറ്റിമറിച്ചും വികൃതമായ ചില ആചാരങ്ങളുണ്ടാക്കിയും ദൈവകോപമുണ്ടാക്കാനുള്ള ദുഷ് പ്രേരണ നല്‍കിപിശാച് മനുഷ്യനെ തിന്മയിലേക്ക് നയിച്ചു. പൂര്‍വ്വികരുടെ രൂപങ്ങളുണ്ടാക്കാന്‍ പിശാച് അവര്‍ക്ക് പ്രേരണനല്‍കി. അവര്‍ ഉണ്ടാക്കിയ രൂപങ്ങളെ പില്‍ക്കാലത്ത് അവദൈവങ്ങളാണെന്നും ദൈവത്തിന്റെ ബിംബങ്ങളാണെന്നും ദൈവസാമീപ്യം കിട്ടാന്‍ ഈ അചരങ്ങളെ ആരാധിച്ചാല്‍ മതിയെന്നും പിശാച് മനുഷ്യമനസ്സില്‍ സ്വാധീനം ചെലുത്താനുള്ള തന്റെ കഴിവ് ഉപയോഗിച്ച് പ്രചരിപ്പിച്ചു. അങ്ങിനെ വിഗ്രഹാരാധനയും, ഒന്നിലധികം ദൈവങ്ങളുണ്ടെന്ന് പറഞ്ഞ് ബഹുദൈവാരാധനയും പ്രാപഞ്ചിക ഉണ്മകളാണ് ദൈവമെന്ന് പറഞ്ഞ് സൂര്യചന്ദ്രന്മാരെയും, തീ, ജലം കാറ്റ് തുടങ്ങിയവയെയും ആരാധിക്കുന്നവരായും മനുഷ്യരില്‍ ഒരു വിഭാഗത്തെ അവന്‍ വഴിതെറ്റിച്ചു. ചിലമനുഷ്യര്‍ക്ക് ചില അഭ്യാസങ്ങളും അത്ഭുതങ്ങളും കണ്‍കെട്ടുകളും പഠിപ്പിച്ച് മറ്റുള്ളവരുടെ മനസ്സില്‍ അവരാണ്‌ദൈവമെന്ന് തോന്നിച്ച് ആള്‍ദൈ വാരാധനയും അവന്‍ മനുഷ്യര്‍ക്കിടയില്‍ വ്യാപകമക്കി.അല്ലാഹുവിന് ഏറ്റവും ദേഷ്യമുള്ളകാര്യ മാണ് അവനില്‍ പങ്ക് ചേര്‍ക്കല്‍ (അവന്റെ സ്ഥാനം മറ്റൊന്നിന് ഭാഗിക മായോ പൂര്‍ണ്ണമായോ കല്‍പ്പിക്കല്‍) അത് കൊണ്ട് ആപണിതന്നെ മനുഷ്യരില്‍ നല്ലൊരു വിഭാഗത്തെക്കൊണ്ട് ചെയ്യിച്ച് ദൈവകോപത്തിന് അവന്‍ മനുഷ്യനെ പാത്രമാക്കിക്കൊണ്ടിരുന്നു.
അങ്ങനെ വഴിപിഴച്ചുപോയ വരെ ഉദ്ധരിക്കാന്‍ വിവിധഭാഗങ്ങളിലായി വിവിധകാലങ്ങളില്‍ ഒരുലക്ഷത്തിഇരുപത്തിനാലായിരത്തില്‍ പരം പ്രവാചകന്മാരെയാണ് അല്ലാഹു നിയോഗിച്ചത്. അവരില്‍ വിശ്വസിച്ച് പലരും നേര്‍മാര്‍ഗ്ഗത്തിലെത്തി അവരെ അവിശ്വസിച്ച് പലരും പിശാചിന്റെ ചതിക്കുഴിയില്‍ വീണു. അവസാനം പ്രവാചകശൃംഖല പരിസമാപ്തിയോടടുത്തു. പ്രവാചകന്മാരായ ഇബ്രാഹീമും ഇസ്മാഈലും ഇസ്‌ഹാഖും യാഖൂബൂം യൂസുഫും മൂസയും ഈസയുമെല്ലാം വന്നു. ഓരോരുത്തരുടെയും അധ്യാപനങ്ങള്‍ സ്വീകരിച്ചവരില്‍ ചിലര്‍ അടുത്ത പ്രവാചകനില്‍ വിശ്വസിക്കുകയും മറ്റുചിലര്‍ പിശാചിന്റെ ദുഷ്‌പ്രേരണക്ക് വശംവതരായി അവരെ അവിശ്വസിക്കുകയും ചെയ്തു. അവസാനം ലോകാവസാനം വരെയുള്ള ജനതക്കായി അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി ആഗതനായി. ശേഷം ഇനി ഒരു പ്രവാചകന്‍ ലോകത്ത് വരാനില്ല. ആപ്രവാചക സന്ദേശം എല്ലാവരിലും എത്തിക്കല്‍ വിശ്വസിച്ച ഓരോരുത്തന്റെയും ബാധ്യതയാണ്.
ഭൂമിയിലെങ്ങിനെ ജീവിക്കണം? അല്ലാഹുവിനെഎങ്ങനെ ആരാധിക്കണം? എന്നെല്ലാം നബിലോകത്തെ പഠിപ്പിച്ചു. അല്ലാഹുവിന്റെ വിധിവിലക്കുകളും മാര്‍ഗ്ഗനിര്‍ദ്ധേശ ങ്ങളുമടങ്ങുന്ന പരിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ് നബിമുഖേന മനുഷ്യര്‍ക്കല്ലാഹു അറിയിച്ചുതന്നു. അല്ലാഹുവിലും അവന്റെപ്രവാചകരിലും വിശ്വസിച്ച് അവന്റെ കല്‍പ്പനക സ്വീകരിച്ച് ജീവിച്ചാല്‍ മാത്രമേ ഒരുവന്‍ വിജയിയാവുകയുള്ളൂ.
അടിസ്ഥാന വിശ്വാസങ്ങള്‍.
വിശ്വാസി അല്ലാഹുവിലും, അവന്റെ മാലാഖമാരിലും, അവന്റെ ദൂതന്മാരിലും , ദൂതന്മാര്‍ക്കിറക്കപ്പെട്ട വേദഗ്രന്ഥങ്ങളിലും, ലോകാവസാനത്തിലും , അവന്റെ മുന്‍കൂട്ടിയുള്ള തീരുമാനപ്രകാരമാണ് എല്ലാ കാര്യങ്ങളും നടക്കുന്നത് എന്നും വിശ്വസിക്കല്‍ നിര്‍ബന്ധമാണ്.
അല്ലാഹുവിലുള്ളവിശ്വാസം:-
അല്ലാഹുവില്‍ വിശ്വസിക്കുകയെന്നാല്‍ അവനെ അറിഞ്ഞ് വിശ്വസിക്കലാണ്. അല്ലാഹുവിനെ അറിയാന്‍ നമുക്ക് ചുറ്റുമുള്ള ഓരോന്നും മതിയായവയാണ്. കാറ്റ്, മഴ, വെയില്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, സമുദ്രം, കര, രാത്രി, പകല്‍ തുടങ്ങി എന്ത് പരിശോധിച്ചാലും അതിനെയെല്ലാം അദൃശ്യമായ ഒരു ശക്തി നിയന്ത്രിക്കുന്നതായി ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും .സൂര്യനെ ചന്ദ്രന്‍ മറികടക്കാതെ രാവിനെ പകല്‍ മറികടക്കാതെ നക്ഷത്രങ്ങള്‍ക്കെല്ലാം ഓരോസഞ്ചാരപഥം നിര്‍ണ്ണയിച്ച് അതിലൂടെ ചലിപ്പിക്കുന്ന ഒരു സര്‍വ്വശക്തന്റെ നിയന്ത്രണം. ആശക്തിനമ്മുടെ ഓരോചലനവും ശ്രദ്ധിക്കുന്നു. അവനാണ് അല്ലാഹു. അവന്‍ ജീവജാലങ്ങളോട് അങ്ങേഅറ്റം കരുണ കാണിക്കുന്നു. തന്നെവിശ്വസിക്കുന്നവരെന്നോ അവിശ്വസിക്കുന്നവരെന്നോ ആരാധിക്കു ന്നവരെന്നോ നിഷേധിക്കുന്നവരെന്നോ നോക്കാതെ ഭൂമിയില്‍ അവന്‍ എല്ലാവരെയും പരിപാലി ക്കുന്നു. അവനെ ധിക്കരിക്കുന്നവര്‍ക്കും ചിലപ്പോള്‍ അവന്‍ സമ്പത്ത് നല്‍കുന്നു. അവരെ സുഖ ത്തിലാറാടിജീവിക്കുവാന്‍ അനുവദിക്കുന്നു. ചിലപ്പോള്‍ അവനെ വിശ്വസിക്കുന്നവര്‍ക്ക് ദാരിദ്ര്യം നല്‍കുന്നു ചിലര്‍ക്ക് സമ്പത്ത് നല്‍കുന്നു. ഇതെല്ലാം അവരെ പരീക്ഷിക്കാന്‍ വേണ്ടിയാണ്. ക്ഷണികമായ ഈജീവിതത്തില്‍ സമ്പത്തില്‍ ആര് മതിമറന്നുവോ ദാരിദ്ര്യത്തില്‍ ആര് അല്ലാഹുവെ ശപിച്ചുവോ ആര് എല്ലാം ക്ഷമിച്ച് അവന്റെ കല്‍പ്പനകളനുസരിച്ച് ജീവിക്കുന്നുവോ എല്ലാം അവന്‍ ശ്രദ്ധിക്കുന്നു. അതിനുവേണ്ടി മനുഷ്യനെ ശാരീരികമായും സാമ്പത്തികമായും വിഭിന്നരാക്കിയിരിക്കുന്നു. ചിലപ്പോള്‍ മനുഷ്യനെ ഉണര്‍ത്താന്‍ അവന്‍ അത്യാഹിതങ്ങള്‍ നല്‍കുന്നു. അതില്‍ നല്ലവരും ചീത്തവരുമെല്ലാം പെട്ടുപോകുന്നു.
പ്രകൃതിക്ഷോപങ്ങളും മാറാവ്യാധികളുമെല്ലാം കരുണാമയനായ അല്ലാഹു എന്തിന് നല്‍കുന്നു? സ്വാഭാവികമായ ഒരു സംശയമാണിത്.നമ്മുടെ അല്‍പ്പ ബുദ്ധികൊണ്ട് ചിന്തിച്ചാല്‍ ഇത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. ഓരോകാര്യവുംനടപ്പിലാക്കുന്നതിന് അല്ലാഹു ഓരോ കാരണങ്ങള്‍ വെച്ചിട്ടുണ്ട്. ഉദാഹരണത്തിന് മരത്തിന്റെ കടക്കല്‍ മുറിച്ചാല്‍ മരം വീഴുന്നത് പോലെ അമിതമായ പ്രകൃതിചൂഷണം നടത്തിയാല്‍ ഭൂമിയില്‍ അതിന്റെ പ്രതികരണം ഭൂകമ്പങ്ങളായും മറ്റും ഉണ്ടാകുന്നു. മറ്റുചിലപ്പോള്‍ അങ്ങനെ ഒരു അത്യാഹിതം സംഭവിക്കല്‍ മൂലം അവിടുത്തെ അശ്രദ്ധരായ ജനത ഉണര്‍ന്ന് സൃഷ്ടാവിനെ അംഗീകരിക്കുന്നവരായേക്കാം അത് വഴി അവരുടെ നന്മയായിരിക്കും സര്‍വ്വശക്തന്‍ ഉദ്ധേശിക്കുന്നത്. ഇത്തരം ദുരന്തങ്ങളില്‍ മരിക്കുന്നവര്‍ക്ക് സര്‍വ്വം നഷ്ടപ്പെടുന്നില്ലേ? എന്ന് ചോദിക്കുന്നവരുണ്ടാകാം. നഷ്ടപ്പെടാന്‍ അവരെന്താണ് നേടിയത്? അല്ലാഹു കനിഞ്ഞുനല്‍കിയജീവിതവും സൗകര്യങ്ങളും അവന്‍ തന്നെ തിരിച്ചെടുക്കുമ്പോള്‍ അവിടെ എന്താണ് നഷ്ടം? അവരില്‍ നല്ലവര്‍ക്ക് പരലോകത്ത് അവന്‍ ശാശ്വത സ്വര്‍ഗം നല്‍കും. ചീത്തവര്‍ക്ക് നരകവും. ആയുസ്സ് പൂര്‍ത്തിയാക്കിയാലും അവര്‍ക്ക് ലഭിക്കാനുള്ളത് അത് തന്നെയാണ്. ഈ നശ്വരമായ ജീവിതത്തിനപ്പുറത്ത് മറ്റൊരു ജീവിതമില്ല എന്ന് ധരിക്കുന്നവര്‍ക്ക് ഈപറഞ്ഞത് മനസ്സിലായിക്കൊള്ളണമെന്നില്ല. ഇഹത്തിന്റെ സുഖങ്ങളാണ് ഏറ്റവും വലുതെന്ന് ധരിക്കുന്ന അത്തരക്കാര്‍ക്ക് നഷ്ടപ്പെടലുകള്‍ വേദനാജനകമായിരിക്കും വിപത്ത് നല്‍കിയ സര്‍വ്വശക്തനെ അവര്‍ പഴിക്കും ഒരു പക്ഷെ അത് അവരെ ഉണര്‍ത്തുവാന്‍ അവന്‍ നല്‍കിയ ചെറിയ ശിക്ഷയാണെങ്കില്‍കൂടി.
അല്ലാഹുവിലുള്ളവിശ്വാസത്തില്‍ പരമപ്രധാനമായിട്ടുള്ളതാണ് അവന്റെ ഏകത്വത്തിലുള്ള വിശ്വാസം. അല്ലാഹു ഏകനാണ്. എല്ലാകാര്യങ്ങളും അവന്റെ മാത്രം ഉദ്ദേശമനുസരിച്ചേനടക്കൂ. അവന്‍ സന്താനങ്ങളുണ്ടാകുന്നവനോ പ്രസവിക്കപ്പെട്ടവനോ അല്ല. അവന് യാതൊരാളുടെയും ആശ്രയവും ആവശ്യമില്ല. മനുഷ്യന്‍ തന്റെ ജീവിതാനുഭവം കോണ്ട് എന്തിനും ഒരു ആദ്യം ഉള്ളതായി മനസ്സിലാക്കുന്നു. ആദ്യമില്ലാത്ത ഒന്ന് മനുഷ്യ ബുദ്ധിക്ക് ചിന്തിക്കുകപ്രയാസമാണ് കാരണം അവന്‍ കാണുന്ന എല്ലാത്തിനും ഒരു ആദ്യമുണ്ടെന്ന് അവന്‍ മനസ്സിലാക്കുന്നു. എന്നാല്‍ മനുഷ്യന്‍ കണ്ടവസ്തുക്കളെല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ് അവക്കെല്ലാം ഒരു തുടക്കമുണ്ട്. എന്നാല്‍ അവയെ സൃഷ്ടിച്ച സൃഷ്ടാവിന് ഒരിക്കലും ഒരു തുടക്കവുമില്ല. അതെ അവന്‍ പണ്ടേ ഉള്ളവനാണ് എന്നെന്നും ശേഷിക്കുന്നവനുമാണ് ഒരുകൂട്ടുകാരന്റെയോ സഹായിയുടെയോ മക്കളുടേയോ കുടുമ്പത്തിന്റേയോ ആവശ്യം അവനില്ല. അതെല്ലം സൃഷ്ടികളുടെ നിലനില്‍പ്പിന് വേണ്ടി അവന്‍ സൃഷ്ടിച്ച ചില ബന്ധങ്ങളാണ്.
കൂരിരുട്ടില്‍ സഞ്ചരിക്കുന്ന ഉറുമ്പിന്റെ ചലനം മുതല്‍ നമ്മുടെ ഹൃദയങ്ങളില്‍ മറച്ചുവെച്ച പരമരഹസ്യംപോലും അവനറിയുന്നു. (ഇതില്‍ അതിശയോക്തിതോന്നുന്നവരുണ്ടായേക്കാം. എന്നാല്‍ സാറ്റലൈറ്റുകളില്‍ നിന്ന് സൂം ചെയ്യപ്പെട്ട ക്യാമറകള്‍ വഴി ശത്രുരാജ്യത്തിന്റെ രഹസ്യങ്ങളറിയാന്‍കഴിയുന്ന ഈകാലത്ത് അത്രപോലും കഴിവ് നമുക്ക് ബുദ്ധിയും വിവേകവും തന്ന സര്‍വ്വശക്തനില്ലെന്ന് കരുതുന്നവന്റെ യുക്തിയെ എന്താണ് പറയേണ്ടത്?)
അവനാണ്‌നമുക്ക് ഭക്ഷണം തരുന്നവന്‍. കഷ്ടപ്പെട്ട് അധ്വാനിച്ചിട്ടല്ലേനാം ഭക്ഷിക്കുന്നത് എന്ന് ചിന്തിച്ചേക്കാം. കഷ്ടപ്പെട്ടധ്വാനിക്കല്‍ അവനില്‍നിന്ന് ഭക്ഷണം ലഭിക്കുവാനുള്ള ഒരു കാരണം മാത്രമാണ്. ഭൂമിയില്‍ കാര്യങ്ങള്‍ നടക്കുന്നതിനെല്ലാം അല്ലാഹു ഓരോകാരണങ്ങള്‍വച്ചിട്ടുണ്ട്. ടാപ്പ് തുര്‍ന്നാല്‍ വെള്ളം കിട്ടുന്നത് പോലെ. വെള്ളം കിട്ടാന്‍ പൈപ്പ് തുറക്കുക എന്ന ജോലി ചെയ്യണം. അല്ലാതെ പൈപ്പിന് താഴെ കൈവച്ചത് കൊണ്ട് കാര്യമില്ല. ഇത് പോലെ പണം കിട്ടാന്‍ പണിചെയ്യണം. ഭക്ഷണം കിട്ടാന്‍ പണം നല്‍കണം അല്ലെങ്കില്‍ കൃഷിചെയ്യണം. ഇത് പോലെ അല്ലാഹുവില്‍ നിന്ന് കിട്ടുന്നതിനെല്ലാം ഒരു കാരണനമുണ്ടായിരിക്കും.
വിത്തെറിയല്‍ മനുഷ്യന്റെ കടമ. അത് മുളപ്പിക്കല്‍ അല്ലാഹുവിന്റെ ഇഷ്ടം. വിത്ത് മുളക്കണമെങ്കില്‍ അത് വിളവ് തരണമെങ്കില്‍ അത് വിതക്കുക എന്ന കര്‍മ്മം മനുഷ്യന്‍ ചെയ്യണം(അതായത് വിത്ത് മുളക്കാന്‍ അല്ലാഹു വച്ചകാരണം അത് വിതക്കലാണ്) വിത്ത് മുളപ്പിക്കുന്നവനും അതില്‍ വിളവ് തരുന്നവനും അല്ലാഹു വാണ്. അവന്‍ മുളപ്പിച്ചില്ലെങ്കില്‍ വിതച്ചിട്ടെന്ത് കാര്യം? അത് കൊണ്ടാണ്‌ഭക്ഷണം തരുന്നവന്‍ അല്ലാഹുവാണ് എന്ന് പറയുന്നത്. ഇത് പോലെ പ്രത്യക്ഷത്തില്‍ മറ്റുള്ളവരില്‍ നിന്ന് നമുക്ക് ലഭിക്കുന്നു എന്ന് തോന്നുന്ന തെല്ലാം യഥാര്‍ത്ഥത്തില്‍ അല്ലാഹുവില്‍ നിന്നാണ് ലഭിക്കുന്നത്.
അല്ലാഹുവോട് പ്രാര്‍ത്ഥിക്കുക എന്ന കാരണം കൊണ്ടും സൃഷ്ടികള്‍ക്ക് അല്ലാഹു കാര്യങ്ങള്‍നടത്തിക്കൊടുക്കും യഥാര്‍ത്ഥ വിശ്വാസിക്ക് പ്രാര്‍ത്ഥനമൂലം ദുരിതങ്ങള്‍നീങ്ങും അഭിവൃദ്ധിലഭിക്കും മഴലഭിക്കും എന്നാല്‍ കൃത്രിമമോ ഭൗതികമോ ആയ മാര്‍ഗ്ഗങ്ങളുപയോഗിച്ച് ശ്രമിച്ചാലും ചിലകാര്യങ്ങളെല്ലാം അല്ലാഹു സാധിപ്പിച്ചുകൊടുക്കും എന്നാല്‍ പരലോകവിജയത്തിന്‌വിശ്വാസിയായി ജീവിക്കുക എന്ന മാര്‍ഗം മാത്രമേയുള്ളൂ. ഇത് വരേപറഞ്ഞത് മനുഷ്യന് അല്ലാഹു എങ്ങനെയാണ് നല്‍കുന്നത് എന്നാണ്.
നമ്മള്‍ചിലതെല്ലാം ചെയ്യുമ്പോള്‍ ചിലതെല്ലാം സംഭവിക്കുന്നു. അത് തങ്ങളുടെ കഴിവാണെന്ന് മനുഷ്യന്‍ അഹങ്കരിക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യമോ അല്ലാഹു സൃഷ്ടിച്ച ഭൂമിയില്‍ ലഭ്യമായത് കൊണ്ട് നാം പലതും നിര്‍മ്മിക്കുന്നു. പുതുതായി ഒരു അസംസ്കൃതവസ്തുവും നിര്‍മ്മിക്കുവാനോ ഒന്നിനെയും പൂര്‍ണ്ണമായി നശിപ്പിക്കുവാനോ നമുക്ക് കഴിയുന്നില്ല. നശിപ്പിച്ചു എന്ന് നാം പറയുന്നതെല്ലാം മറ്റൊരു അവസ്ഥയിലേക്ക് മാറ്റിയതിനെയാണ്.കടലാസ് കത്തിച്ചു നശിപ്പിച്ചു എന്ന് നാം പറയുന്നു എന്നാല്‍ അത് നശിച്ചതല്ല ചാരം എന്നമറ്റൊരു അവസ്ഥ യിലേക്കത് മാറിയതാണ് വെള്ളം ചൂടാക്കി വറ്റിക്കുമ്പോള്‍ അതില്ലാതാകുന്നതായി തോന്നുന്നു എന്നാലത് നീരാവി എന്നമറ്റൊരവസ്ഥയിലേക്ക് മാറിയതാണ്. അത് മേഘമായിമാറി വീണ്ടും ഭൂമിയിലേക്ക് മഴയായി വര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ പലതും നേടി എന്നഹങ്കരിക്കുന്ന നമുക്കിവിടെ പുതുതായൊന്നും ഉണ്ടാക്കാനോനശിപ്പിക്കാനോകഴിഞ്ഞിട്ടില്ല. അപ്പോഴാണ് നാം സര്‍വ്വശക്തനായ അല്ലാഹുവിന്റെ മഹത്വം തിരിച്ചറിയുന്നത്. ശൂന്ന്യതയില്‍ നിന്നും ഈ പ്രപഞ്ചവും അതിലെ സര്‍വ്വചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്നവനാണവന്‍. അവനല്ലാതെ ഒരു ശക്തിയും ശക്തിയല്ല.ഒരുദൈവവും ദൈവമല്ല. എഴുതിത്തീര്‍ക്കാനവാത്തതാണവന്റെ മഹത്വം നിര്‍വ്വചനാതീതമാണവന്റെ ശക്തി വിവരണാതീതമാണവന്റെ കാരുണ്യം അതെ അവന്‍ അതുല്ല്യനാണ്.
മാലാഖമാരിലുള്ളവിശ്വാസം:-
അല്ലാഹുവെ ആരാധിക്കുക അവന്റെ ശാസനകള്‍ശിരസാവഹിക്കുക എന്നജോലിയില്‍ സദാ വ്യാപൃതരായ അല്ലാഹുവിന്റെ ഉത്കൃഷ്ടരായ സൃഷ്ടികളാണ് മാലാഖമാര്‍. പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ടവരാണവര്‍ അത് കൊണ്ട് തന്നെ മനുഷ്യരെപ്പോലെ ഭക്ഷണമോ മറ്റു ആവശ്യങ്ങളോ അവര്‍ക്കില്ല വംശവര്‍ദ്ധനവിന് വേണ്ടി ഭൂമിയിലെ ജീവജാലങ്ങളെ ആണ്, പെണ്ണ് എന്നീ രണ്ട് വിഭാഗങ്ങളായി സൃഷ്ടിച്ചിരിക്കുന്നു. എന്നാല്‍മാലാഖമാര്‍ക്ക് വംശവര്‍ദ്ധനവ് ആവഷ്യമില്ല. അത് കൊണ്ട് അവരില്‍ ആണ് പെണ്ണ് എന്ന വ്യത്യാസവുമില്ല. അവര്‍ക്ക് അല്ലാഹു വിവിധ ജോലികള്‍ ഏല്‍പ്പിച്ചു നല്‍കിയിരിക്കുന്നു.സദാസമയവും അവര്‍ അല്ലാഹുവിന്റെ ഉത്തരവുകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. പ്രധാനികളായ ചില മാലാഖമാരെ ക്കുറിച്ചറിയല്‍ വിശ്വാസിക്കാവശ്യമാണ്.
ജിബ്‌രീല്‍ :- ഏറ്റവും പ്രകല്‍ഭനായ മാലാഖയാണ് ജിബ്‌രീല്‍.അല്ലാഹുവിന്റെ മാര്‍ഗ്ഗ നിര്‍ ദ്ദേശങ്ങള്‍ ഭൂമിയിലെ ദൂതര്‍ക്കെത്തിച്ചുകൊടുക്കലാണ് ജിബ്‌രീലിന്റെ പ്രധാന ദൗത്യം.
മീക്കാഈല്‍ :- കാലാവസ്ഥ സംബന്ധമായ കാര്യങ്ങളുടെ നിയന്ത്രണ മാണ് മീക്കാഈലിനെ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
ഇസ്‌റാഫീല്‍:- അന്ത്യനാളില്‍ കാഹളം മുഴക്കുന്ന ജോലിയാണ് ഇസ്‌റാഫീലിനെ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
അസ്‌റാഈല്‍ :- എല്ലാജീവജാലങ്ങളുടെയും ആത്മാവിനെ പിടിക്കല്‍(മരിപ്പിക്കല്‍)ആണ് അസ്‌റാഈലിനെ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നജോലി.
മുന്‍കര്‍ -നകീര്‍ :- മരണ ശേഷം ഖബറില്‍ ഓരോമനുഷ്യനെയും ചോദ്യം ചെയ്യലാണ് മുങ്കറിന്റെയും നകീറിന്റെയും ജോലി.
റഖീബ് -അതീദ് :- ഓരോമനുഷ്യന്റെയും ഓരോസെക്കന്റിലെയും പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നത് ഇവരാണ്
മാലിക് :- നരകത്തിന്റെ കാവലാണ് മാലികിന്റെ ജോലി
രിള്‍വാന്‍ :- സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കാരനാണ് രിള്‍വാന്‍.
ബാക്കി കോടാനകോടിമാലാഖമാരും അല്ലാഹു നിശ്ചയിച്ച അവരവരുടെ ജോലി ചെയ്യുന്നു. മലക്കുകളെ എന്തിനാണ് ഇത്തരം കാര്യങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത്? എന്ന് ചിന്തിക്കുന്നവരുണ്ടാകും അല്ലാഹുവിന് എല്ലാം സ്വയം നിയന്ത്രിക്കാന്‍ കഴിയുമെന്നിരിക്കെ പിന്നെ എന്തിനാണ് ഇങ്ങിനെ കുറെ ഉദ്യോകസ്ഥര്‍? അതിനും ഉത്തരം മുന്‍പ് പറഞ്ഞത് തന്നെയാണ്. അല്ലാഹു നേരിട്ട് കാര്യങ്ങളൊന്നും നടത്താന്‍ ആഗ്രഹിക്കുന്നില്ല. എല്ലാത്തിനും ഓരോകാരണങ്ങള്‍ (മാര്‍ഗ്ഗങ്ങള്‍) വെച്ചിരിക്കുന്നു. അത് കോണ്ടാണ് മലക്കുകള്‍ മുഖേന അല്ലാഹു കാര്യങ്ങള്‍നടത്തുന്നത്. മലക്കുകള്‍ അല്ലാഹുവിന്റെ സഹായികളല്ല. കാര്യങ്ങള്‍ നടത്തുവാന്‍ അല്ലാഹു വച്ച കാരണങ്ങള്‍ മാത്രമാണ്.
ദൂതന്മാരിലുള്ളവിശ്വാസം.
ലോകത്തിലെ എല്ലാ മനുഷ്യ വിഭാഗത്തിലേക്കും അല്ലാഹു ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. ഒരുലക്ഷത്തി ഇരുപത്തിനാലായിരത്തോളം പേര്‍ മനുഷ്യോദ്ധാരകരായി ഭൂമിയില്‍ വന്നു. അവരെല്ലാം പ്രചരിപ്പിച്ചത് അല്ലാഹുവിലുള്ളവിശ്വാസമായിരുന്നു. അവനെ മാത്രം ആരാധിക്കുവാനായിരുന്നു. അത് മൂലം അവര്‍ക്ക് നിരവധി പീഠനങ്ങളും ത്യാഗങ്ങളും സഹിക്കേണ്ടിവന്നു. ചിലര്‍ക്ക് രക്തസാക്ഷ്യം വരിക്കേണ്ടിവരെ വന്നു. എങ്കിലും മനുഷ്യരില്‍ കുറവെങ്കിലും നല്ലവരായ ഒരുവിഭാഗം എന്നും അല്ലാഹുവില്‍ വിശ്വസിച്ചുപോന്നു. അവസാനം പ്രവാചകശ്രേണിക്ക് പരിസമാപ്തികുറിച്ചുകൊണ്ട് അല്ലാഹു മുഹമ്മദ് നബിയെ നിയോഗിച്ചു. ശേഷം ഒരു ദൂതന്റെ ആവശ്യമില്ലാത്ത വിധം ലോകാവസാനം വരെ യുള്ള ജനതക്കായി സ്പഷ്ടമായ മാര്‍ഗ്ഗനിര്‍ദ്ധേശങ്ങളടങ്ങിയ ഖുര്‍ആന്‍ പ്രവാചകന് അല്ലാഹു അവതരിപ്പിച്ചു കൊടുത്തു. ലോകത്തിന്റെ എല്ലാഭാഗത്തുള്ള ജനങ്ങള്‍ക്കും പ്ര്വാചകസന്ദേശമെത്തിക്കാന്‍ പ്രവാചക്കന്‍ അനുയായികളെ ഏല്‍പ്പിച്ചു. പ്രവാചകന്‍ തന്നിഷ്ടപ്രകാരന്‍ ഒന്നും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിരുന്നില്ല. അല്ലാഹു നിര്‍ദ്ധേശിച്ചത് മാത്രം അവിടുന്ന് പറഞ്ഞു. അവന്റെ നിര്‍ദ്ധേശമനുസരിച്ചുമാത്രം ജീവിച്ചു. മനുഷ്യന്‍ എങ്ങിനെ ജീവിക്കണമെന്നതിന്റെ സമസ്തവശങ്ങളും അവിടുന്ന് ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രവാചകജീവിതം കൊണ്ട് കാണിച്ചുതന്നു. (നാല്‍പ്പതാം വയസ്സിലാണ്‌നബിക്ക് പ്രവാചകത്വം ലഭിച്ചത്. അറുപത്തിമൂന്നാം വയസ്സില്‍ അവിടുന്ന് ഇഹലോകവാസം വെടിഞ്ഞു.) ആപ്രവാചകചര്യ ജീവിതത്തില്‍ പകര്‍ത്തലാണ് യഥാര്‍ത്ഥ വിശ്വാസിയുടെ കടമ. പ്രവാചകജീവിതം (തിരുസുന്നത്ത്) പ്രവാചകവചനങ്ങള്‍(ഹദീസ്) എന്നിവ നിരവധിഗ്രന്ഥങ്ങള്‍മുഖേന നമുക്കിന്ന് പഠിക്കാന്‍ കഴിയുന്നു.
വേദഗ്രന്ഥങ്ങളിലുള്ളവിശ്വാസം.
നാല് വേദങ്ങളിലും നൂറ് ഏടുകളിലുമായി അല്ലാഹു തന്റെ ദൂതന്മാര്‍ മുഖേന മനുഷ്യ കുലത്തിന് മാര്‍ഗ്ഗനിര്‍ദ്ധേശങ്ങള്‍നല്‍കി. മുന്‍കാലപ്രവാചകന്മാര്‍ക്കിടയില്‍ നൂറ് ഏടുകള്‍ വീതിച്ചുനല്‍കി. നാല് പ്രവാചകന്മാര്‍ക്കാണ്‌ല്ലാഹു വേദങ്ങള്‍നല്‍കിയത്. മൂസാനബിക്ക് 'തൗറാത്ത്' എന്നവേദവും ദാവൂദ് നബിക്ക് 'സബൂര്‍' എന്നവേദവും ഈസാനബിക്ക് 'ഇന്‍ജീല്‍' വേദവും മുഹമ്മദ് നബിക്ക് ഖുര്‍ആനും ഇങ്ങിനെ യാണ് ആവേദങ്ങള്‍ നല്‍കപ്പെട്ടത്. ഓരോ വേദഗ്രന്ഥവും അതത് കാലഘട്ടത്തിലേക്ക് വേണ്ടുന്ന മാര്‍ഗ്ഗ നിര്‍ദ്ധേശങ്ങളടങ്ങിയതായിരുന്നു. അത് കൊണ്ട് തന്നെ ഒരു വേദഗ്രന്ഥം അവതരിക്കുമ്പോള്‍ അതിനുമുമ്പുള്ള വേദംഅസാധുവാകും. അവസാനം ഇറങ്ങിയതും ലോകാവസാനം വരേയുള്ളജനതക്ക് വേണ്ടുന്ന നിര്‍ദ്ദേശങ്ങളടങ്ങിയതുമായ ഖുര്‍ആന്റെ വരവോടെ മറ്റെല്ലാവേദങ്ങളും അസാധുവായി. (മുന്‍കാലവേദഗ്രന്ഥങ്ങളില്‍ ചിലത് മാറ്റിത്തിരുത്തലുകള്‍ക്ക് വിധേയമാക്കിയും അല്ലാതെയും ഇന്നും ചിലര്‍ ഉപയോഗിക്കുന്നുണ്ട്. അവരില്‍ പലരും അജ്ഞരും ചിലര്‍ അറിഞ്ഞിട്ടും അത് മൂടിവെക്കുന്നവരുമാണ്.) ഖുര്‍ആന്‍ തികച്ചും മാറ്റിത്തിരുത്തലുകള്‍ക്ക് അതീതമാണ്. ഗദ്യമോപദ്യമോ അല്ലാത്ത വിശിഷ്ടവും സുന്ദരവുമായ അതിന്റെ ഘടനയും സാരസമ്പൂര്‍ണ്ണമായ അതിന്റെ ഉള്ളടക്കവും സര്‍വ്വോപരി അല്ലാഹുവിന്റെ ഗ്രന്ഥമെന്ന പരിശുദ്ധിയും അതിനെ വ്യത്യസ്ഥമാക്കിയിരിക്കുന്നു.ഖുര്‍ആന്‍ സാഹിത്യകാരന്മാരെ വെല്ല് വിളിക്കുന്നു.'ഈ ഖുര്‍ആനിന് തുല്യമായ ഒരു അധ്യായമെങ്കിലും നിങ്ങള്‍ക്ക് കൊണ്ട് വരാനാകുമെങ്കില്‍ കൊണ്ടുവരുവിന്‍!'എന്ന്. അറബി സാഹിത്യത്തിലെ തലതൊട്ടപ്പന്മാരായ ഡാര്‍ക്കേജിലെ പണ്ഡിത പ്രമാണികള്‍മുതല്‍ ഇന്ന് വരേ ആര്‍ക്കും ആവെല്ലുവിളി സ്വീകരിക്കാനായിട്ടില്ല. മനുഷ്യജീവിതത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ പാലിക്കേണ്ട മുഴുവന്‍ നിയമങ്ങളും നിര്‍ദ്ധേശങ്ങളും അതിലുണ്ട്. വ്യക്തി ജീവിതം മുതല്‍ ഭരണ നിര്‍വ്വഹണം വരെയും ആതുരസേവനം മുതല്‍ ക്രമസമാധാന പാലനം വരെയും നീതിനിര്‍വ്വഹണം മുതല്‍ യുദ്ധരംഗംവരെയും അങ്ങിനെ മനുഷ്യനെ സംബന്ധിക്കുന്ന എല്ലാകാര്യങ്ങള്‍ക്കും വ്യക്തമായ നിര്‍ദ്ദേശങ്ങളും താക്കീതുകളും ഗുണപാഠങ്ങളും ഉള്‍ക്കൊള്ളുന്ന അല്ലാഹുവിന്റെ വചനങ്ങളാകുന്നു ഖുര്‍ആന്‍. അത്കൊണ്ട് അത് പഠിക്കലുംപാരായണം ചെയ്യലും വിശ്വാസിക്ക് നിര്‍ബന്ധമാണ്.
അന്ത്യനാളിലുള്ള വിശ്വസം.
ഈ ലോകം നശ്വരമാണ്. വളരെ കുറഞ്ഞകാലത്തേക്കുള്ള ഒരു ഇടത്താവളം മാത്രമാണിത്. നിശ്ചിത കാലം മനുഷ്യരും മറ്റുജീവജാലങ്ങളും ഇവിടെ ജീവിക്കുന്നു. പിന്നെ മരിക്കുന്നു. അവരുടെ സന്താന പരമ്പരകള്‍ക്കും അങ്ങനെ സംഭവിക്കുന്നു. എന്നാല്‍ ഇത് ശാശ്വതമായി തുടരുകയില്ല. അപ്രതീക്ഷിതമായി ലോകാവസാനം കടന്നുവരും അന്ന് 'ഇസ്‌റാഫീല്‍' എന്ന മാലാഖ 'സൂര്‍' എന്ന കാഹളത്തില്‍ അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം ഊതും. അപ്പോള്‍ ഭൂമിയും ആകാശവുമടക്കം സര്‍വ്വവും നശിക്കും വ്വീണ്ടും ഇസ്‌റാഫീല്‍ കാഹളത്തിലൂതും. അപ്പോള്‍ലോകത്ത് ജീവിച്ച് മരിച്ചുപോയവരെല്ലാം ഉയിര്‍ത്തെഴുന്നേല്‍ക്കും.
മരിച്ചുമണ്ണായവരെങ്ങനെയാണ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്? ഇല്ലായ്മയില്‍നിന്ന് നമ്മെ സൃഷ്ടിച്ച അല്ലാഹുവിന് പുനര്‍നിര്‍മ്മിക്കാനാണോപ്രയാസം?
അല്ലാഹുവിന്റെ മുന്‍കൂട്ടിയുള്ളതീരുമാന പ്രകാരമാണ് എല്ലാംസംഭവിക്കുന്നത് എന്നവിശ്വാസം.
അല്ലാഹു എല്ലാകാര്യങ്ങളും മുന്‍കൂട്ടിതീരുമാനിച്ചു വച്ചിരിക്കുന്നു. ഇന്നദിവസം ഇന്നസമയത്ത് ഇന്നത് സംഭവിക്കും എന്ന് അല്ലാഹു ആദ്യമേതീരുമാനിച്ചതാണ് സന്തോഷകരമായ സംഭവമായാലും ദുഃഖകരമായ വേര്‍പ്പാടുകളോ നാശനഷ്ടങ്ങളോ ആയാലും എല്ലാം അല്ലാഹു മുന്‍കൂട്ടിതീരുമാനിച്ചതേനടക്കൂ. ചിലരുടെ മരണം, പെട്ടെന്നുള്ള തിരിച്ചടികള്‍വ്യാപാര പരാജയം, ധനനഷ്ടം, ദുരന്തങ്ങള്‍തുടങ്ങിയവ ചിലരെ തകര്‍ത്തുകളയും.വാസ്തവത്തില്‍ അവര്‍ക്ക് ഈ അറിവില്ലാത്തത് കോണ്ടാണിങ്ങനെ സംഭവിക്കുന്നത്. വിശ്വാസി ഒരിക്കലും അങ്ങനെ ആയിക്കൂടാ. ഇതെല്ലാം അല്ലാഹുവിന്റെ പരീക്ഷണമാണെന്നും അവന്റെ മുന്‍കൂട്ടിയുള്ള തീരുമാനപ്രകാരമാണത് സംഭവിച്ചത് എന്നുമറിയുന്നവന്‍ എങ്ങിനെയാണ് തകര്‍ന്നുപോകുക? എന്നാല്‍ അത്തരം അവസ്ഥകളുണ്ടായാല്‍ വിശ്വാസിക്ക് അവന്റെ വിശ്വാസം വര്‍ദ്ധിക്കുകയാണുണ്ടാകുക. അവന്‍ അല്ലാഹുവിന്റെ ശിക്ഷകളെ കൂടുതല്‍ ഭയക്കുന്നവനാകും.
അനുഷ്ഠാനങ്ങള്‍.
ഒരുവന്‍ വിശ്വാസിയാകണമെങ്കില്‍ ചിലകര്‍മ്മങ്ങളനുഷ്ഠിക്കേണ്ടതുണ്ട്. അവയില്‍ പരമപ്രധാനമായവ അഞ്ചെണ്ണമാണ്. 1)സാക്ഷ്യ വാചകം മനസ്സില്‍ ഉറപ്പിച്ച് മൊഴിയിക. 2) അഞ്ച് നേരത്തെ നിസ്കാരം യഥാസമയം മുടങ്ങാതെ നിര്‍വ്വഹിക്കുക. 3)റംസാന്‍ മാസത്തില്‍ പകല്‍ വ്രതമനുഷ്ഠിക്കുക. 4)സകാത്ത് കൊടുത്ത് വീട്ടുക. 5)കഴിവുള്ളവര്‍ ഹജ്ജ് ചെയ്യുക. ഇവയാണ് ഇസ്ലാമിന്റെ 'പഞ്ചസ്തംഭങ്ങള്‍' ഏന്നറിയപ്പെടുന്ന അനുഷ്ഠാനങ്ങള്‍.
സാക്ഷ്യ വാചകം മൊഴിയല്‍:-
'അഷ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹു വ അഷ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് ' (അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനുമില്ലെന്നും മുഹമ്മദ് നബി അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.) എന്ന് മനസ്സില്‍ ഉറപ്പിച്ച് നാവ് കൊണ്ട് വ്യക്തമാക്കി പറയുക. പൂര്‍ണ്ണമായ വിശ്വാസത്തോടെ ഇങ്ങനെ പറയുന്നതോടെ മുമ്പ് അവിശ്വാസി ആയിരുന്ന ഒരുവന്‍ വിശ്വാസി യായി മാറുന്നു.
നിസ്കാരം:-
അഞ്ച് നേരങ്ങളില്‍ അതിന് കണക്കാക്കിയ സമയത്ത് നിസ്കാരം നിര്‍വ്വഹിക്കല്‍ വിശ്വാസിക്ക് നിര്‍ബന്ധമാണ്. നിസ്കാരം എന്നാല്‍ അതൊരു പൂര്‍ണ്ണമായ വണക്കമാണ്. അത്ത്യുന്നതനായ അല്ലാഹുവിന്റെ മുമ്പില്‍ വിനയാന്ന്വിതനായ അടിമയുടെ പരിപൂര്‍ണ്ണമായ കീഴടങ്ങല്‍. നിന്നും കുനിഞ്ഞും സാഷ്ടാംഗം നമിച്ചും അല്ലാഹുവിന്‌കീഴ്‌പ്പെടല്‍. അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് തന്നെ അവനെ ആരാധിക്കുവാന്‍ വേണ്ടിയാണ്.അത് കൊണ്ട് സദാ സമയവും അവനെ ആരാധിക്കുവാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ് എങ്കിലും അഞ്ച് നേരം നിര്‍ബന്ധമായും ഓരോ വിശ്വാസിയും വണങ്ങിയേതീരൂ. പണസമ്പാദനത്തിന്റെ തിരക്കിലോ അശ്രദ്ധമായോ അതിന് സമയം കണ്ടെത്താത്തവന് അല്ലാഹുവിങ്കല്‍ സ്ഥാനമില്ല. മനപ്പൂര്‍വ്വം ഉപേക്ഷിക്കുന്നവന്‍ ശപിക്കപ്പെട്ടവനാണ് അനശ്വരമായ പരലോക വിജയത്തിന് വേണ്ടി അല്‍പ്പം സമയം ചിലവഴിക്കാന്‍ മടിയുള്ള മനുഷ്യന്‍ നശ്വരമായ -ഏത് സെക്കന്റിലും അവസാനിക്കാവുന്ന യാതൊരു ഉറപ്പുമില്ലാത്ത ഇഹലോകജീവിതത്തിന് വേണ്ടി മുഴുവന്‍ സമയവും ചെലവഴിക്കാന്‍ തയ്യാറാകുന്നത് എത്രമാത്രം വിഢിത്തമാണ്? നിസ്കാരം എങ്ങനെ നിര്‍വ്വഹിക്കണമെന്നതും ശ്രദ്ധിക്കേണ്ടതാണ്. പ്രവാചകന്‍ എങ്ങനെ നിസ്കരിച്ചുവോ അങ്ങനെയാണ് ലോകത്തെ സത്യവിശ്വാസികളൊക്കെയും നിസ്കരിക്കുന്നത്.ചിലപ്പോള്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ചെറിയ വ്യത്യാസങ്ങള്‍കണ്ടേക്കാം.അതെല്ലാം അപ്രധാനമായ ചില കാര്യങ്ങളില്‍ മാത്രമാണ്. നിസ്കാരം മറ്റുള്ളവര്‍ കാണട്ടെ എന്ന് കരുതിയോ മറ്റുസ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയോനിര്‍വ്വഹിക്കുന്നത് അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നതിന്റെ ചെറിയൊരു രൂപമാണ്. അത് അല്ലാഹു ഒരിക്കലും പൊറുക്കാത്ത കുറ്റമാണ്. അശ്രദ്ധമായി നിസ്കരിക്കുന്നവര്‍ക്കായി നരകത്തില്‍ പ്രത്യേക ചരുവ് തന്നെയുണ്ട് എന്ന് ഖുര്‍ആന്‍ പറയുന്നു.
വ്രതം:-
മിക്കമതങ്ങളിലും വ്രതം അനുഷ്ടാനമാണ് പലരൂപത്തില്‍. എന്നല്‍ സത്യവിശ്വാസിയുടെ വ്രതം ശാരീരികം മാത്രമല്ല മാനസികം കൂടിയാണ്. പ്രഭാതാരംഭം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങള്‍പൂര്‍ണ്ണമായി ഉപേക്ഷിക്കണം. ലൈംഗികതവെടിയണം ചീത്തവിചാരവികാരങ്ങള്‍ ഏഷണി പരദൂഷണംതുടങ്ങിയവ യെല്ലാം വ്രതത്തെ നിശ്ഫലമാക്കും.ഇത്തരം വ്രതത്തിന് ആരോഗ്യകരമായി ഒരുപാട് ഗുണങ്ങളുണ്ടാകാം എന്നാല്‍ വിശ്വാസിയുടെ വ്രതത്തിന്റെ ലക്ഷ്യം അല്ലാഹുവിന്റെ പ്രീതി മാത്രമായിരിക്കണം. വ്രതം മനുഷ്യനെ പാപങ്ങളില്‍ നിന്നകറ്റുകയും വികാരങ്ങളെ നിയന്ദ്രിക്കുവാന്‍ അവനെ പ്രാപ്തനാക്കുകയും മനസ്സില്‍ ദയയും ദീനാനുകമ്പയും വളര്‍ത്തുകയും ചെയ്യുന്നു. സര്‍വ്വോപരി അവനെ സ്വര്‍ഗ്ഗാവകാശികളില്‍ ഉള്‍പ്പെടുത്തുന്നു.
സകാത്ത്:-
അത്യുത്കൃഷ്ടമായ ഒരു സാമ്പത്തിക ശാസ്ത്രമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനുള്ള എളുപ്പമാര്‍ഗ്ഗം അതിലടങ്ങിയിരിക്കുന്നു. സമ്പന്നനായ ഓരോവ്യക്തിയും തന്റെ വാര്‍ഷിക സമ്പത്തിന്റെ നിശ്ചിത ശതമാനം പാവപ്പെട്ടവന്റെ വിഹിതമായി നല്‍കണം. ഇത് ഇസ്ലാം കര്‍ശനമായി നിര്‍ബന്ധമാക്കിയ കാര്യമാണ്. ഇതൊരിക്കലും ധനികന്റെ ഔദാര്യമോ ഭിക്ഷയോ അല്ല. പാവപ്പെട്ടവന്റെ അവകാശമാണ്. അല്ലാഹു ധനികന് നല്‍കിയ സമ്പത്തില്‍നിന്നും ദരിദ്രന് നല്‍കാന്‍ ഏല്‍പ്പിക്കപ്പെട്ട പങ്ക്. ഓരോവര്‍ഷവും ധനികരെല്ലാം ആവിഹിതം പാവപ്പെട്ടവന് നല്‍കിയാല്‍ പിന്നെ ദാരിദ്ര്യം എന്നൊന്നുണ്ടാകില്ല. പക്ഷെ ധനത്തിനോടുള്ള ആര്‍ത്തി ഇന്ന് പലരേയും അതിന് തയ്യാറാക്കുന്നില്ല. അത്തരക്കാര്‍ അതിനുകണക്ക് പറയേണ്ട ഒരു ദിനം വരാനിരിക്കുന്നു.ഇസ്ലാമിക ഭരണമുള്ളയിടത്ത് സര്‍ക്കാരാണ് സകാത്ത് പിരിച്ച് പാവങ്ങള്‍ക്ക് വീതിച്ചുനല്‍കേണ്ടത് അത് നല്‍കാത്തവനില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചുവാങ്ങണമെന്നും ഇസ്ലാം കല്‍പ്പിക്കുന്നു. കാരണം അത് പാവപ്പെട്ടവന്റെ ധനമാണ്. അത് നല്‍കാത്തവന്‍ അത് അപഹരിക്കുകയാണ് ചെയ്യുന്നത്.
ഹജ്ജ്:-
അല്ലാഹുവിന്റെ മുന്നില്‍ അറബിക്കോ അനറബിക്കോ പാശ്ചാത്യനോ പൗരസ്ത്യനോ ഒന്നും ഭക്തിയുടെ കാര്യത്തിലല്ലാതെ യാതൊരു വ്യത്യാസവുമില്ല. ശാരീരിക ആരോഗ്യവും മക്കയിലെത്തിച്ചേരാനുള്ളമാര്‍ഗ്ഗവും സാമ്പത്തികശേഷിയുമുള്ള എല്ലാവിശ്വാസിക്കും ജീവിതത്തിലൊരിക്കല്‍ അല്ലാഹുവിന്റെ ക്ഷണം സ്വീകരിച്ച് ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാണ്. പരിശുദ്ധ മക്കയില്‍ ചെന്ന് അവന്‍ കല്‍പ്പിച്ച ചിലകര്‍മ്മങ്ങള്‍ ചെയ്യലാണ് ഹജ്ജ്. മനസ്സും ശരീരവും പശ്ചാത്താപ വിവശമായി പാപങ്ങളെല്ലാം കഴുകിക്കളഞ്ഞ് ഓരോമനുഷ്യനും യഥാര്‍ത്ഥ ഹജ്ജോടെ ശുദ്ധനാകുന്നു.
ഇസ്ലാമിലെ പരമപ്രധാനമായ ചില വിശ്വാസങ്ങളും കര്‍മ്മങ്ങളുമാണ് ഇതുവരെ പരിചയപ്പെടുത്തിയത്. .
വിശ്വാസിക്ക് ഇതല്ലാതെ വേറെയും വേറെയും ഒരുപാട് ബാധ്യതകളുണ്ട്. മാതാപ്പിതാക്കള്‍,ഭാര്യസന്താനങ്ങള്‍തുടങ്ങിയവരെ സംരക്ഷിക്കല്‍, അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കല്‍, കുടുമ്പബന്ധം പുലര്‍ത്തല്‍, അഗതി, അനാഥകളെ സഹയിക്കല്‍. തുടങ്ങിയവയും സത്യവിശ്വാസികളുടെ കടമകളില്‍ പെട്ടതാണ്.
നിഷിദ്ധങ്ങള്‍.
മാന്യനായി ജീവിക്കുന്നവനായിരിക്കണം സത്യവിശ്വാസി. ചില നിയന്ത്രണങ്ങള്‍ അല്ലാഹു അവന് നല്‍കിയിട്ടുണ്ട്. ചിലകാര്യങ്ങളവന് നിശിദ്ധമാണ്. അതില്‍ വന്‍ പാപങ്ങളും ചെറുപാപങ്ങളുമുണ്ട്. വന്‍പാപങ്ങള്‍ അല്ലാഹു പൊറുക്കുക എളുപ്പമല്ല. ചെറുപാപങ്ങള്‍ സല്‍പ്രവര്‍ത്തികള്‍ചെയ്യുന്നത് കൊണ്ടും മാപ്പിരക്കല്‍ കൊണ്ടും പൊറുക്കപ്പെട്ടേക്കാം. എന്നാല്‍ വന്‍ കുറ്റങ്ങള്‍ പൊറുക്കാന്‍ തൗബ എന്ന ഒരേ ഒരു മാര്‍ഗ്ഗമേ ഉള്ളൂ.
കഠിനമായ വന്‍പാപങ്ങള്‍:-
അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുക (അല്ലാഹുവിന്റെ പരമാധികാരത്തിലോ പ്രത്യേകതകളിലോ പങ്കുകാരുണ്ടെന്ന് കരുതുക, അവനു സഹായികളുണ്ടെന്നോ കുടുംബക്കാരുണ്ടെന്നോ കരുതുക) , മാരണം ചെയ്യുക, പലിശ(വാങ്ങുകയോഭക്ഷിക്കുകയോചെയ്യുക), വ്യഭിചാരം, അല്ലാഹു വധിക്കല്‍ നിഷിദ്ധമാക്കിയ ശരീരത്തെ വധിക്കല്‍, അനാഥകളുടെ ധനം അപഹരിക്കല്‍,ധര്‍മ്മയുദ്ധത്തില്‍ പിന്തിരിഞ്ഞോടല്‍(വിശ്വാസികളുടെ ജീവനും സ്വത്തിനും വിശ്വാസത്തിനും ഭീഷണിനേരിടുമ്പോള്‍ അവര്‍ അക്രമിക്കപ്പെടുമ്പോള്‍ ധര്‍മ്മയുദ്ധത്തില്‍ വിശ്വാസികള്‍പങ്കെടുക്കേണ്ടതുണ്ട്. രക്തസാക്ഷിത്വം വന്‍പുണ്യമാണെന്നിരിക്കെ അത്തരം യുദ്ധങ്ങളില്‍ മരണം ഭയന്ന് പിന്തിരിഞ്ഞോടല്‍), സദ് വൃതകളായ സ്ത്രീകളെ കുറിച്ച് വ്യഭിചാരാരോപണം നടത്തല്‍.എന്നിവയാണ് വന്‍ പാപങ്ങള്‍. ഇത്തരം പാപങ്ങള്‍ ഒരിക്കലും ഒരു സത്യവിശ്വാസി ചെയ്തു പോകരുത്.
വിശ്വാസികള്‍ക്ക് നിഷിദ്ധമായ മറ്റുകാര്യങ്ങളാണ് മദ്യപാനം, അല്ലാഹു അനുവദനീയമാക്കാത്ത ഭക്ഷണപാനീയങ്ങള്‍ ഭക്ഷിക്കല്‍, വഞ്ചന, മോഷണം, ചൂതാട്ടം, അക്രമം, ഏഷണി, പരദൂഷണം, അസൂയ, വഴിപിഴപ്പിക്കുന്നതോ വ്യഭിചാരത്തിലേക്കാകര്‍ഷിക്കുന്നതോ നിര്‍ബന്ധകര്‍മ്മങ്ങള്‍മുടക്കുന്നതോ ആയവിനോദങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയവ.
പാപമോചനം(തൗബ):-
വന്‍പാപങ്ങള്‍വരെ അല്ലാഹു അവന് ഇഷ്ടമുണ്ടെങ്കില്‍ പൊറുത്ത് തന്നേക്കാം. അവന്‍ കരുണാമയനാണ്. അതിന് തൗബ ചെയ്യണം. മനുഷ്യരോടുള്ള എല്ലാ സാമ്പത്തികവും മാനസികവുമായ ബാധ്യതകളും കൊടുത്തുവീട്ടി അന്ന്യനോട്ചെയ്ത എല്ലാ അപരാധങ്ങള്‍ക്കും മാപ്പുവാങ്ങി നഷ്ടപരിഹാരമോപ്രതിക്രിയയോവേണമെങ്കില്‍ അതെല്ലാം വീട്ടി ഇനിയൊരിക്കലും തെറ്റ് ചെയ്യില്ലെന്ന് ശപഥം ചെയ്ത് ചെയ്തതെറ്റിനെക്കുറിച്ച് കഠിനമായി പശ്ചാത്തപിക്കലാണ് തൗബ.
മരണം
ഭൂമിയിലെ ജീവിതം സുഖത്തിനും സമ്പാദ്യത്തിനും മാത്രം ഉഴിഞ്ഞുവെച്ചമനുഷ്യന്‍ മതിമറന്നുനില്‍ക്കെ അപ്രതീക്ഷിതമായി മരണത്തെ കണ്ടുമുട്ടും (അസ്‌റാഈല്‍ മാലാഖ അത്മാവിനെ പിടിക്കാനായെത്തും) അല്ലാഹുവിന്റെ താക്കീതുകളപ്പോള്‍ അവന് ബോധ്യമാകും ഇത്രയും കാലം ചെയ്ത തിന്മകളെക്കുറിച്ചവന് അപ്പോള്‍ ഉള്‍ഭയമുണ്ടാകും സക്കാത്ത് നല്‍കാതെ സമ്പത്ത് കൂമ്പാരമാക്കിവച്ചത്, മറ്റുള്ളവരെ പിഴിഞ്ഞ് തടിച്ചുകൊഴുത്തത്, നിര്‍ബന്ധമായ ആരാധനകള്‍ ഉപേക്ഷിച്ചത്, നിര്‍ഭയം പാപങ്ങള്‍ ചെയ്തത് എല്ലാം ആനിമിഷം അവന് ഓര്‍മ്മവരും.ആത്മാവ് തൊണ്ടക്കുഴിയിലെത്തുമ്പോള്‍ അവന്‍ യാചിക്കും എന്റെ രക്ഷിതാവേ... എന്നെ അല്‍പ്പം കൂടിനീപിന്തിച്ചാല്‍ ഞാന്‍ നിന്റെ കല്‍പ്പനകളെല്ലാം പാലിച്ച് സജ്ജനങ്ങളില്‍ ചേര്‍ന്നോളാമേ... പക്ഷെ ഓരോരുത്തനും അനുവദിച്ച സമയമെത്തിയാല്‍ പിന്നെ ഒരുനിമിഷം പോലും അല്ലാഹു ഒരാളെയും പിന്തിക്കൂകയില്ല. എന്നാല്‍ സന്മാര്‍ഗികള്‍ മരണത്തെ സന്തോഷത്തോടെ നേരിടുന്നു. മരണത്തോടെ മനുഷ്യന്റെ ഇഹലോകവാസം അവസാനിക്കുന്നു. അനന്തമായ പാരത്രിക ജീവിതത്തിന് മുന്‍പുള്ള മറ്റൊരവസ്ഥയായ ഖബര്‍ജീവിത(ബര്‍സഖ്) ത്തിലേക്കാണവന്‍ കടന്നുവരുന്നത്. അവിടെ അവന് ഒരുപാട് പരീക്ഷണങ്ങള്‍ നേരിടാനിരിക്കുന്നു. ഇഹലോക ജീവിതം പരലോകജീവിതത്തിലേക്കുള്ള പ്രവേശന പരീക്ഷയായിരുന്നു. അതില്‍ ആര് വിജയിച്ചുവോ അവന്‍ രക്ഷപ്പെട്ടു. പരാജയപ്പെട്ടവന്‍ നിത്യ പരാജിതനും.
ഖബര്‍:-
മരണശേഷം ഖബറാണ് മനുഷ്യന് ആദ്യമായി നേരിടേണ്ടിവരുന്നത്. അവിടെ മുന്‍കര്‍ നകീര്‍ എന്നീ മാലാഖമാര്‍ അവനെ ചോദ്യം ചെയ്യും. അവിടെ മുതല്‍ അവന്‍ ചീത്തയാണെങ്കില്‍ അവനുള്ള ശിക്ഷയും നല്ലവനാണെങ്കില്‍ ശാന്തിയും അനുഭവിക്കും.മരണാനന്തരമുള്ള മനുഷ്യന്റെ അവസ്ഥകള്‍ അല്ലാഹു ഇഹലോകവാസികളെ കാണിക്കില്ല. അവരുടെ പരലോകവിശ്വാസം പരീക്ഷിക്കാന്‍ വേണ്ടിയാണിത്. മരണാനന്തരം ജഢമായും പിന്നെ അളിഞ്ഞ് മണ്ണാകുന്നതും മാത്രമേ ഇഹലോകവാസികള്‍ക്ക് കാണാന്‍ കഴിയൂ.
മഹ്‌ശറ:-
ലോകാവസാനം സംഭവിച്ചതിനുശേഷം അല്ലാഹു മനുഷ്യരേയും മറ്റുള്ളജീവജാലങ്ങളെ യും വീണ്ടും പുനര്‍ സൃഷ്ടിക്കും എന്ന് പറഞ്ഞല്ലോ എന്നിട്ട് എല്ലാവരെയും 'മഹ്‌ശറ' എന്ന പ്രവിശാലമായ സ്ഥലത്ത് ഒരുമിച്ചുകൂട്ടും. കത്തിയാളുന്ന വെയിലത്തായിരിക്കും ഇത് (സൂര്യന്‍ തലക്ക് മുകളില്‍ ഒരുചാണ്‍ ഉയരത്തിലായിരിക്കുമെന്ന് ആ അവസ്ഥയുടെ കാഠിന്ന്യം മനസ്സിലാക്കാന്‍ വേണ്ടി പറഞ്ഞിരിക്കുന്നു) അവിടെ അല്ലാഹുവിന് ഇഷ്ടമുള്ള കുറച്ചുപേര്‍ക്ക് അവന്റെ സിംഹാസനത്തിന്റെ തണലില്‍ നില്‍ക്കാം. മറ്റെല്ലാവരും വിയര്‍ത്ത് കുളിച്ച് ഭയന്ന് വിറച്ച് നില്‍ക്കുമ്പോള്‍... ഭൂമിയില്‍ അഹങ്കരിച്ച് നടന്നിരുന്ന മനുഷ്യന്‍,ഞാന്‍! ഞാനാരാണെന്നറിയുമോ? എന്നാക്രോഷിച്ചവര്‍, ലോകത്തെ കൈപ്പിടിയിലൊതുക്കാന്‍ തോന്നിവാസത്തിന്റെ അവസാനം വരെ ചെയ്തവര്‍ എല്ലാം തോറ്റ് തകര്‍ന്ന് നില്‍ക്കുമ്പോള്‍ സര്‍വ്വശക്തനൊരു ചോദ്യം ഉന്നയിക്കും.
'ആര്‍ക്കാണെടോ ഇന്നത്തെ അധികാരം?'
ദൈവത്തെ നിഷേധിച്ചവരും ബഹുദൈവങ്ങളെ ആരാധിച്ചവരും സത്യവിശ്വാസികളുമെല്ലാം ഉള്‍ക്കൊള്ളുന്ന ആമഹാസംഗമത്തില്‍ എല്ലാവരും അല്ലാഹുവിന്റെ അനിശേധ്യമായ അധികാരം അംഗീകരിക്കും. എല്ലാവരും ഈചൂടില്‍ നിന്നെങ്കിലും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം അന്വേശിക്കാന്‍ തുടങ്ങും. അതിനായി അവര്‍ ഒന്നടങ്കം ആദ്യ പിതാവ് ആദമിന്റെ അടുത്ത് ചെല്ലും. പക്ഷേ അദ്ധേഹം പണ്ട് താന്‍ വിലക്കപ്പെട്ടകനിതിന്നുപോയതിലുളള ആധിയിലായിരിക്കും. അതിനാല്‍ തന്റെ പിന്‍ഗാമിയായ നൂഹ് പ്രവാചകനെ സമീപിക്കാന്‍ പറയും. അദ്ധേഹത്തെ സമീപിക്കുമ്പോള്‍ അദ്ധേഹം തന്നില്‍നിന്നുപിണഞ്ഞമറ്റൊരുതെറ്റിനെക്കുറിച്ചുള്ള വേവലാതിയിലായിരിക്കും. അതിനടുത്ത പ്രവാചകനെ സമീപിക്കുമ്പോള്‍ അദ്ധേഹവും ഇത്പോലൊരവസ്ഥയിലായിരിക്കും .അങ്ങനെ മുഴുവന്‍ പ്രവാചകന്മാരെയും സമീപിച്ചൊടുവില്‍ അവര്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയെ സമീപിക്കും. പ്രവാചകന്‍ മനുഷ്യകുലത്തിന്റെ രക്ഷകനാകും. അവിടുന്ന് അല്ലാഹുവോട് സാഷ്ടാംഗമുഖനായിപ്രാര്‍ഥിക്കും അവസാനം അല്ലാഹു മനുഷ്യരെ വിചാരണ ചെയ്ത് ഒന്നുകില്‍ നരകത്തിലേക്കോ അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലേക്കോ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കും. അങ്ങനെ നന്മചെയ്തവര്‍ സ്വര്‍ഗ്ഗത്തിലും തിന്മചെയ്തവര്‍ നരഗത്തിലും പ്രവേശിപ്പിക്കപ്പെടും.
ഈ പ്രവചനങ്ങളെല്ലാം ഒന്നൊഴിയാതെ പുലരുകതന്നെ ചെയ്യും
സ്വര്‍ഗ്ഗം:-
സ്വര്‍ഗീയ സുഖങ്ങളൊന്നും ഭൂമിയില്‍ ലഭ്യമല്ലാത്തത് കൊണ്ട് അതിനെ ഉപമിക്കുക പ്രയാസമാണ്. എങ്കിലും ചിലഭൗതികസുഖങ്ങളുടെ അനേകമടങ്ങ് ഇരട്ടിയായിരിക്കും സ്വര്‍ഗ്ഗീയസുഖങ്ങള്‍. ജോലിയോ ആരാധനയോ വേണ്ട, വേണ്ടതെല്ലാമവിടെയുണ്ട്. പഴവര്‍ഗ്ഗങ്ങള്‍, പാനീയങ്ങള്‍ അങ്ങിനെ എന്തും. അവിടെ നിഷിദ്ധങ്ങളൊന്നുമില്ല. അപ്സരസ്സുകള്‍ മദ്യം എന്നുവേണ്ട ഭൂമിയില്‍ വര്‍ജ്ജിക്കേണ്ടിയിരുന്ന പലതും അവിടെ അനുവദിനീയമാണ്. ഖുര്‍ആനിലെ സ്വര്‍ഗ്ഗ വര്‍ണ്ണന അതിമനോഹരമാണ്.
നരകം:-
മനുഷ്യരും പിശാചുക്കളും ഇന്ധനമാകുന്ന നരകാഗ്നിയെക്കുറിച്ച് ചിന്തിക്കുകപോലും ബീഭത്സമാണ്. ഭൂമിയിലെ തീ ഒരു സാമ്പിള്‍മാത്രമാണ്. അതിനേക്കാള്‍ അനേകമടങ്ങ് ചൂടുള്ളതീ. അതില്‍കിടന്ന് വെന്തുരുകി വീണ്ടും പൂര്‍വ്വസ്തിഥിയിലാവുകവീണ്ടും ഇതാവര്‍ത്തിച്ചുകൊണ്ടേഇരിക്കുക. എത്രമാത്രം കഠിനമായിരിക്കും ആശിക്ഷ? അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ നമുക്കെല്ലാം സന്മാര്‍ഗ്ഗം കാണിച്ചുതന്നവന്‍ അനുഗ്രഹിക്കട്ടെ.
ചിലതെറ്റിദ്ധരിക്കപ്പെട്ട കാര്യങ്ങള്‍ :-
ജിഹാദ്:-
വളരെ യധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണിത്. ഇസ്ലാം ജിഹാദിന്‌കല്‍പ്പിക്കുന്നെന്നും ജിഹാദെന്നാല്‍ അമുസ്ലിംകളെ കൊന്നൊടുക്കലാണെന്നും ഇസ്ലാമിക വിരുദ്ധരും ഗൂഢലക്ഷ്യങ്ങളുള്ള ഇസ്ലാമിക തീവ്രവാദികളും പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇസ്ലാമില്‍ ജിഹാദ് എന്നപദത്തിന് വിവിധ സന്ദര്‍ഭങ്ങളില്‍ വിവിധ അര്‍ത്ഥങ്ങളാണുള്ളത്. സുഹൃത്തുക്കള്‍ മദ്യപിക്കാന്‍ ക്ഷണിക്കുമ്പോള്‍ ഒരു വിശ്വാസിയുടെ ജിഹാദ് താല്‍പ്പര്യമുണ്ടെങ്കിലും അത് നിരസിക്കലാണ്. അതുപോലെ വ്യഭിചാരത്തിനുള്ള സാഹചര്യമുണ്ടാകുമ്പോള്‍ ദൈവശിക്ഷ ഭയന്ന് അതില്‍ നിന്ന് പിന്തിരിയലാണ് (ഇവിടെയെല്ലാം അവന്‍ സ്വന്തം ദേഹേച്ഛയോട് യുദ്ധം ചെയ്യുകയാണ്) പ്രതികൂല സാഹചര്യത്തിലും ഇസ്ലാമിക വിശ്വാസം മുറുകെ പിടിച്ച് ജീവിക്കലും ജിഹാദ് തന്നെ. വിശ്വാസികളുടെ സ്വത്തിനും ജീവനും വിശ്വാസത്തിനും ഭീഷണി നേരിടുകയും അവര്‍ അക്രമിക്കപ്പെടുകയും ചെയ്യുമ്പോള്‍ അതിനെ പ്രതിരോധിക്കലാണ് ആ അവസ്ഥയില്‍ വിശ്വാസിയുടെ ജിഹാദ്. അല്ലാതെ അന്യായമായി ആരെ യെങ്കിലും കൊല്ലാന്‍ ഇറങ്ങിപ്പുറപ്പെടലാണ് ജിഹാദ് എന്ന് ആരെങ്കിലും പ്രചരിപ്പിക്കുന്നുവെങ്കില്‍ അവര്‍ ഇസ്ലാമികാധ്യാപനങ്ങളനുസരിക്കാത്തവരോ ഇസ്ലാമിന്റെ ശത്രുക്കളോ ആണ്.
ബഹുഭാര്യത്വം:-
ഇസ്ലാം ബഹുഭാര്യത്വത്തെ എതിര്‍ക്കുന്നില്ലെന്നത് സത്യമാണ്. എന്നാല്‍ എല്ലാമുസ്ലിമും ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കണമെന്നല്ല അതിനര്‍ത്ഥം. ചില സാഹചര്യങ്ങളില്‍ അങ്ങനെ ആവാം എന്നുമാത്രം. എന്നാല്‍ ഒരാള്‍ക്ക് ഒരേസമയം നാലില്‍ കൂടുതല്‍ ഭാര്യമാരുണ്ടാകാന്‍ പാടില്ല എന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. ഭാര്യമാര്‍ക്കിടയില്‍ കൊച്ചുകൊച്ചുകാര്യങ്ങളില്‍ വരേ തുല്ല്യത കല്‍പ്പിച്ച് നീതിപൂര്‍വ്വം മാത്രമേപെരുമാറാവൂ എന്ന് ഇസ്ലാം കര്‍ശനമായി നിര്‍ദ്ധേശിക്കുന്നു. എന്തുകൊണ്ടാണ് ഇസ്ലാം ബഹുഭാര്യത്വം നിരോധിക്കാതിരുന്നത്? ഒരു ഭാര്യയില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ കഴിയാത്തവര്‍ വേശ്യാലയങ്ങള്‍ തേടിപ്പോകുന്നതും ലൈംഗിക അക്രമങ്ങള്‍നടത്തുന്നതും പരസ്ത്രീഗമനം നടത്തുന്നതുമെല്ലാം നാമിന്ന് കാണുന്നു. എന്നാല്‍ അത്തരം പ്രവര്‍ത്തികളെല്ലാം കഠിനപാപമായി കാണുന്ന ഇസ്ലാം അത്തരം വൈകല്യമുള്ളവര്‍ക്ക് വ്യവസ്ഥാപിതമായി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാന്‍ അനുമതിനല്‍കുന്നു. ഇനി അശരണയായ ഒരു സ്ത്രീയെ സന്മനസ്സുള്ള ഒരാള്‍ഭാര്യയാക്കി സംരക്ഷിക്കാന്‍ ഉദ്ധേശിക്കുന്നുവെങ്കില്‍ അങ്ങിനെയാവാം. യുദ്ധങ്ങളിലും മറ്റും അനേകം പുരുഷന്മാര്‍ മൃതിയടയുമ്പോള്‍ സ്ത്രീകളുടെ സംരക്ഷണത്തിന് ബഹുഭാര്യത്വം ആവശ്യ മായി വരുന്നു. ഇതെല്ലാം കൊണ്ടാണ് ഇസ്ലാം ഏക ഭാര്യത്വം അടിച്ചേല്‍പ്പിക്കാതിരുന്നത്. (പക്ഷേ ഇത് ചിലസ്വാര്‍ത്ഥതാല്‍പ്പര്യക്കാര്‍ ദുരുപയോഗം ചെയ്യുന്നുണ്ടാവാം)
വിവാഹമോചനം (ത്വലാഖ്):-
എല്ലാമതക്കാരിലും വിവാഹമോചനം നടത്തുന്നവരുണ്ടെങ്കിലും ഇസ്ലാം തലാഖ് അനുവദിക്കുന്നു എന്നും പറഞ്ഞ് ഇസ്ലാമിനെ പലരും അധിക്ഷേപിക്കുന്നു. എന്നാല്‍ ഇസ്ലാം ത്വലാഖിനെ എങ്ങിനെ കാണുന്നു?. ഒരുഭാര്യയും ഭര്‍ത്താവും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടാത്ത സാഹചര്യം വന്നാല്‍ അവളെ ഉപേക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെങ്കില്‍ രഹസ്യമായും ഗൂഢമായും സ്ത്രീകൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. സ്റ്റൗ പൊട്ടിത്തെറിച്ചും തീകൊളുത്തിയും കെട്ടിത്തൂക്കിയും അങ്ങിനെ എത്ര കൊലപാതകങ്ങള്‍ നാം പത്രങ്ങളില്‍ വായിക്കുന്നു?. എന്നാല്‍ ഇസ്ലാം പറയുന്നു. നിങ്ങള്‍ക്ക് ഭാര്യയുമായി ഒരു നിലക്കും യോജിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവളെ നിങ്ങള്‍ക്ക് ത്വലാഖ് (വിവാഹ മോചനം)ചെയ്യാം അവളെ ദ്രോഹിക്കരുത്. അത് പോലെ ന്യായമായ കാരണമുണ്ടെങ്കില്‍ സ്ത്രീക്ക് പുരുഷനില്‍നിന്നും വേര്‍പ്പെടാം(ഫസ്ഖ് ചെയ്യാം) ഇതെല്ലാം ഒരുനിലക്കും യോജിക്കാന്‍ കഴിയാത്ത ഘട്ടത്തില്‍ അറ്റകയ്യായി മാത്രം ചെയ്യേണ്ട കാര്യമാണ് എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ മുസ്ലിംകളില്‍ ചിലര്‍ ഇതിനെ ദുരുപയോഗം ചെയ്യുന്നുണ്ട് അവര്‍ക്ക് അല്ലാഹുവിങ്കല്‍ കടുത്തശിക്ഷതന്നെ ലഭിക്കും.
സുഹൃത്തെ ഇത്രയും എഴുതിയത് അല്ലാഹു വിന്റെ പ്രവാചകന്‍ ഞങ്ങളെ ഏല്‍പ്പിച്ചകടമ നിര്‍വ്വഹിക്കാന്‍ വേണ്ടിമാത്രമാണ്. ഞങ്ങളറിഞ്ഞ ഈസത്യം മറ്റുള്ളവരിലേക്കെത്തിക്കല്‍ ഞങ്ങളുടെ കടമയാണ്. ഈവിശ്വാസത്തെ കുറിച്ചറിയാത്ത ഒരാള്‍ നാളെ അല്ലാഹുവോട് 'സത്യവിശ്വാസികള്‍ ഞങ്ങള്‍ക്കിടയിലുണ്ടായിട്ടും അവരാരും ഞങ്ങള്‍ക്കിതൊന്നും പറഞ്ഞുതന്നില്ല' എന്ന് പരാതിപ്പെടാന്‍ ഇടവരരുത് എന്ന ആഗ്രഹമുള്ളത് കൊണ്ട് എഴുതിയതാണ്.
സുഹൃത്തെ, താങ്കള്‍ക്ക് ഇതിനുമുന്‍പ് ഈസന്ദേശത്തെക്കുറിച്ചറിയില്ലായിരുന്നുവെങ്കില്‍ ഇതോടെ ഈസന്ദേശം താങ്കള്‍ക്കെത്തിയിരിക്കുന്നു. എത്തിക്കുക എന്ന കടമ ഞങ്ങള്‍ നിര്‍വ്വഹിച്ചിരിക്കുന്നു. അതെ താങ്കളെ പരിശുദ്ധ ഇസ്ലാമിലേക്ക് ഞങ്ങള്‍ ക്ഷണിക്കുകയാണ്. ഈക്ഷണം സ്വീകരിക്കലും സ്വീകരിക്കാതിരിക്കലും താങ്കളുടെ സൗകര്യമാണ്.പക്ഷെ സ്വീകരിക്കാതിരിക്കുക വഴി താങ്കള്‍ക്കുണ്ടാകുന്ന ശാശ്വതമായ നഷ്ടത്തിന് ഉത്തരവാദി താങ്കള്‍മാത്രമായിരിക്കും.
സുഹൃത്തെ, ഇഹലോകജീവിതം ക്ഷണികമാണ്. വളരെക്കുറഞ്ഞ ആയുസ്സേനമുക്കിവിടെയുള്ളൂ. നമ്മുടെ യഥാര്‍ത്ഥജീവിതം അനന്തമായ പരലോകജീവിതമാണ് അവിടുത്തെ ജീവിതവിജയത്തിനുവേണ്ടിയുള്ള ഒരു പരീക്ഷണം മാത്രമാണിവിടെ. നശ്വരമായ ഈജീവിതത്തിന്റെ നൈമിഷികമായ സുഖത്തിനുവേണ്ടി അനശ്വരമായ പാരത്രിക ജീവിതം നഷ്ടപ്പെടുത്താതിരിക്കുക. കേവലം അറുപതോ എഴുപതോവര്‍ഷമാണ് സാധാരണ മനുഷ്യായുസ്സ്. ആചുരുങ്ങിയ കാലത്ത് അല്ലാഹുവെ അനുസരിക്കാനേ അവന്‍ കല്‍പ്പിക്കുന്നുള്ളൂ. ബാക്കിയുള്ള അനന്തമായ കാലം മുഴുവനും സ്വര്‍ഗ്ഗീയസുഖത്തിലാറാടി ജീവിക്കാന്‍ നമുക്കത് അനുസരിച്ചുകൂടെ? ചിന്തിക്കൂ ഒട്ടും വൈകിയിട്ടില്ല.അവന്റെ മാര്‍ഗ്ഗത്തില്‍ ചേര്‍ന്നവര്‍ക്കും മനം നൊന്ത് ചെയ്തപാപങ്ങള്‍ക്ക് മപ്പിരക്കുന്നസത്യവിശ്വാസികള്‍ക്കും അവന്‍ പൊറുത്തു കൊടുക്കും അവന്റെ സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കും . നമ്മെയും ആഭാഗ്യവാന്മാരില്‍ അല്ലാഹു ഉള്‍പ്പെടുത്തട്ടെ.
താങ്കള്‍ ഈ വിശ്വാസക്കാരനാണെങ്കില്‍ ഒരു നിമിഷം ചിന്തിക്കൂ... ഹജ്ജത്തുല്‍ വിദാഇലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ വെച്ച് അല്ലാഹുവിന്റെ പ്രവാചകന്‍ താങ്കളെ ഏല്‍പ്പിച്ച ഇസ്ലാമിന്റെ സന്ദേശം മറ്റുള്ളവരിലെത്തിക്കുക എന്ന കര്‍ത്തവ്യം താങ്കള്‍ നിറവേറ്റിയോ? ഇല്ലേന്നാണെങ്കില്‍ ആപ്രവാചകന്‍ നാളെ താങ്കള്‍ക്ക് വേണ്ടി എങ്ങനെ ശുപാര്‍ശ ചെയ്യും? താങ്കള്‍ എങ്ങനെ ആപ്രവാചകനെ അഭിമുഖീകരിക്കും? അത്കൊണ്ട് സുഹൃത്തെ ഈ പ്രബോധന യജ്ഞത്തില്‍ പങ്കാളിയാകുക. താങ്കളുടെ സുഹൃത്തുക്കള്‍ക്ക് ഈസന്ദേശം കൈമാറുക. ഈവിശ്വാസം കൈവരാത്ത ഒരു സുഹൃത്തിന് താങ്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും ഇത് . നിശ്ചയം താങ്കള്‍ക്ക് ഇതിന് അല്ലാഹുവിങ്കല്‍ പ്രതിഫലം ലഭിക്കും. കൂടുതല്‍ പേരിലേക്ക് ഈസന്ദേശമെത്തിക്കാന്‍ താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ. താങ്കളെയും കുടുംബത്തെയും സുഹൃത്തുക്കളെയും അല്ലാഹു സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കട്ടെ!
Friday, 25 January 2008
Subscribe to:
Posts (Atom)